Copyrighted By Chrishal Media ©
മനുഷ്യൻറെ ഒരു ആയുസിൻറെ പകുതിയും ജോലി ചെയ്‌ത് പിന്നീട് ആ ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ബാക്കി ജീവിതത്തിന് സാമ്പത്തികമായ അടിത്തറ നൽകുന്നത് പെൻഷനാണ്.എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാർ മേഖലയിലും അതോടൊപ്പം തന്നെ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വ്യക്തികൾക്ക് അവർ വിരമിച്ചതിന് ശേഷം പെൻഷൻ ലഭിക്കുന്നതിന് പ്രൊവിഡന്‍റ് ഫണ്ട് പോലെയുള്ള നിരവധി പദ്ധതികളുണ്ട്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവരായ ആളുകൾക്കും അതുപോലെ മറ്റ് സാധാരണ രീതിയിലുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രൊഫിഡന്‍റ് ഫണ്ട് (PF) അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെന്നില്ല. അതുകൊണ്ടു തന്നെ ജോലി ചെയ്യുന്ന സമയം തന്നെ ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ചേരുക എന്നതാണ് ഏറ്റവും നല്ല പോംവഴി. സാധാരണക്കാർക്ക് വാർധക്യ ജീവിതം സുരക്ഷിതമാക്കാൻ സാധിക്കുന്ന ഒരു സർക്കാർ പദ്ധതിയാണ് അടൽ പെൻഷൻ യോജന.
60 വയസ്സ് പൂര്‍ത്തിയായവർക്കാണ് ഒരു നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിനായി കേന്ദ്രസർക്കാർ അടൽ പെൻഷൻ യോജന എന്ന പദ്ധതി വിഭാവനം ചെയ്‌തത്. 2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് അടൽ പെൻഷൻ യോജന എന്ന കേന്ദ്ര പദ്ധതി പ്രഖ്യാപിച്ചത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആണ് പദ്ധതി നടപ്പിലാക്കി നിയന്ത്രിക്കുന്നത്.
18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൻ പെൻഷൻ യോജനയിൽ ചേരുവാൻ സാധിക്കുന്നതാണ്. പദ്ധതിയിൽ അംഗമാകുന്ന വ്യക്തികൾ മാസം തോറും കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും ഒരു നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്‌ക്കേണ്ടതായിട്ടുണ്ട്. നിങ്ങളുടെ പ്രായം കണക്കാക്കി 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ അതോടൊപ്പം മാസം തോറും നിങ്ങൾ പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് പ്രതിമാസം അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. ഗുണഭോക്താവ് നൽകുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം പരമാവധി 1000 രൂപയോ ആണ് കേന്ദ്ര സർക്കാർ വിഹിതമായി നിക്ഷേപിക്കുക.
5000 രൂപ പെൻഷൻ നേടണമെങ്കിൽ ,നിങ്ങൾ 18-ആം വയസിലാണ് അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കാൻ തുടങ്ങുന്നതെങ്കിൽ എല്ലാ മാസവും 210 രൂപ വീതം നിക്ഷേപിച്ചാൽ മതിയാകും.അങ്ങനെവരുമ്പോൾ 60 വയസ് പൂർത്തീകരിക്കുമ്പോൾ 5000 രൂപ നിങ്ങൾക്ക് പ്രതിമാസം പെൻഷൻ നേടാൻ സാധിക്കും. അതയാത് ദിവസവും വെറും 7 രൂപ നീക്കിവച്ചാൽ മതി.5000 രൂപ നിങ്ങൾക്ക് പ്രതിമാസം പെൻഷൻ നേടാൻ സാധിക്കും.ഇനി നിങ്ങളുടെ പ്രായം 25 വയസാണെങ്കിൽ പ്രതിമാസം 376 രൂപ നിക്ഷേപിച്ചാൽ 5,000 രൂപ പെൻഷൻ 60 വയസ് മുതൽ നിങ്ങൾക്ക് ലഭിച്ച് തുടങ്ങും. 30 വയസ്സിൽ പ്രതിമാസം 577 രൂപ, 34 വയസ്സിൽ പ്രതിമാസം 824 രൂപ, 38 വയസ്സിൽ പ്രതിമാസം 1196 രൂപ, 40 വയസ്സിൽ പ്രതിമാസം 1454 രൂപ എന്നിങ്ങനെയാണ് ഓരോ പ്രായത്തിലുമുള്ള ആളുകൾ നിക്ഷേപിക്കേണ്ട പ്രതിമാസ തുകയുടെ കണക്ക്.
ആജീവനാന്ത പെൻഷനാണ് ഈ പദ്ധതിയിലൂടെ സർക്കാർ നിങ്ങൾക്ക് ഉറപ്പാക്കുന്നത്. ഗുണഭോക്താവിൻറെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെൻഷനായി ലഭിക്കുന്നതാണ്.ജീവിത പങ്കാളിയുടെയും മരണശേഷം, ഗുണഭോക്താവ് 60 വയസ്സ് വരെ സ്വരൂപിച്ച പെൻഷൻ പിന്നീട് നോമിനിക്ക് കൈമാറുന്നതായിരിക്കും.
അടൽ പെൻഷൻ യോജന പദ്ധതിക്ക് കീഴിൽ നൽകുന്ന സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 CCD (1B) പ്രകാരമുള്ള നികുതി ഇളവുകൾ പോലെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.അതുമാത്രമല്ല നിബന്ധനകൾക്ക് വിധേയമായി അടൽ പെൻഷൻ യോജന പദ്ധതിയിൽ നിന്ന് നിങ്ങൾക്ക് പുറത്തു പോകാനും സാധിക്കുന്നതാണ്.ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ സംഭാവനയും പലിശയും കഴിഞ്ഞുള്ള തുകയാണ് വരിക്കാരന് ലഭിക്കുക .
അടൽ പെൻഷൻ യോജന അക്കൗണ്ട് ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ ആരംഭിക്കാൻ സാധിക്കും.ആദ്യം പദ്ധതിയിൽ അംഗമാവുന്നതിനുള്ള അപേക്ഷ ഫോം വാങ്ങണം. പേര്, വയസ്സ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ അപേക്ഷ ഫോമിൽ കൃത്യമായി പൂരിപ്പിക്കണം. ആവശ്യമായ എല്ലാ രേഖകളും ഫോമിനോടൊപ്പം അറ്റാച്ച് ചെയ്ത് ബാങ്കിൽ അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. എല്ലാ രേഖകളും കൃത്യമായി തന്നെ പരിശോധിച്ച് ഉറപ്പാക്കുകയും അതിനുശേഷം അടൽ പെൻഷൻ യോജന പദ്ധതിക്ക് കീഴിൽ അക്കൗണ്ട് തുറക്കാനും സാധിക്കുന്നതാണ്.
Post a Comment